Subscribe:

Sunday, March 4, 2012

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ചാനലുകള്‍ വെറുതെ വിടില്ല

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇറങ്ങിയ ഒരു ഹിന്ദി ഫിലിം Phir Bhi Dil Hai Hindustani ചിലരെങ്കിലും കണ്ടു കാണും.വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു പാവം മനുഷ്യനും.ആ വധശിക്ഷ ലൈവ് ആയി കാണിക്കാന്‍ ശ്രമിക്കുന്ന രണ്ട് ചാനലുകാരുടെയും കഥ ആയിരുന്നു അത്.


കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്മുടെ അയല്‍ രാജ്യമായ ചൈനയി‍ല്‍ ഇതിന് സമാനമായ ഒരു റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്.വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്നതാണ് ഈ ഷോ. സംഭവം അവിടെ ഒടുക്കത്തെ ഹിറ്റാണ്.ഇന്റെര്‍വ്യൂസ് ബിഫോര്‍ എക്‌സിക്യൂഷന്‍എന്നാണ് ഈ റിയാലിറ്റി ഷോയുടെ പേര്.

കൊല്ലപ്പെടുന്നതിന് ഏതാണ്ട് നിമിഷങ്ങള്‍ക്ക് മുന്‍പാണ് അവരെ ഇന്റെര്‍വ്യൂ ചെയ്യുന്നത്. കൊലപാതകികള്‍ ആണെങ്കിലും നിസഹായതയുടെ അവസാന നിമിഷങ്ങളിലെ ഏറ്റുപറച്ചിലും പശ്ചാത്തപവുമൊക്കെയായി അവരുടെ ഏറ്റവും ദയനീയമായ മുഖമാണ് ഷോയിലൂടെ നമ്മള്‍ കാണുന്നത്. കൈകളിലും ശരീരത്തിലുമൊക്കെ കൂച്ചുവിലങ്ങും ഇട്ട് പോലീസുകാരുടെ ഇടയില്‍ ഇരിക്കുന്ന കുറ്റവാളികള്‍ക്ക് മുന്നില്‍ അഭിമുഖം നടത്തുന്നത് ഡിങ് യു എന്ന സുന്ദരിയും.എല്ലാ ശനിയാഴ്ചയും രാത്രി ഈ ഷോ കാണുന്നത് ഏതാണ്ട് നാല്‍പ്പത് മില്യണ്‍ ആളുകള്‍ ആണ്.

അവതാരിക ഡിങ്ങിന് ഇന്റെര്‍വ്യൂ ചെയ്യപ്പെടുന്ന ആളുകളുടെ മരണ ശേഷവും അവരുടെ സാന്നിധ്യം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഒക്കെയാണ് തട്ടി വിടുന്നത്.ഈ ഒടുക്കത്തെ ആശയം പുള്ളിക്കാരിയുടെ തലയില്‍ തന്നെ ഉദിച്ചതാണ്. ഭര്‍ത്താവും കുട്ടികളും ഒക്കെ ഉള്ള ഡിങ്ങിന് നാളെ ഒരിക്കല്‍ സ്വന്തം ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നാലേ താന്‍ ചെയ്യുന്ന ഈ തെറ്റ് എത്രത്തോളം വലിയത് ആണെന്ന് മനസ്സിലാവുകയൊള്ളൂ.അതുവരെ ചൈനയുടെ പുതിയ താരം ഇത് തുടര്‍ന്ന്കൊണ്ടേ ഇരിക്കും.ഈ പ്രോഗ്രാമിലെ ആതിഥേയ അയതോടെ ചൈനയില്‍ ഒരു ദേശീയ പരിവേഷം കിട്ടിയിരിക്കുകയാണ് ഡിങ്ങിന്.

നമ്മള്‍ കാണുന്ന സാധാരണ ഒരു ഇന്റെര്‍വ്യൂ പോലെ തന്നെ ഇഷ്ടമുള്ള പാട്ട്, സിനിമ എന്നിവയെക്കുറിച്ച് ചോദിച്ച് തുടങ്ങി ചെയ്ത കുറ്റം അതിനുണ്ടായ പ്രേരണ ജീവിതത്തിലെ ഓരോരുത്തരെക്കുറിച്ചുമുള്ള അഭിപ്രായം ഇങ്ങനെ പോകും ഈ ഇന്റര്‍വ്യൂ.

ഇതുവരെ 250 ഓളം കുറ്റവാളികളുമായാണ് ഡിങ് ഇന്റര്‍വ്യൂ നടത്തിയിട്ടുള്ളത്. BBC-2 വില്‍  ഇതേക്കുറിച്ച് മാര്‍ച്ച്‌ 12-ന് പ്രത്യേക പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നുണ്ട്. കുറ്റങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കടുത്തൊരു മുന്നറിയിപ്പ് നല്‍കാനുള്ള പ്രോഗ്രാമായാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഈ പ്രോഗ്രാമിനെ കാണുന്നത്.പക്ഷെ ഈ ബുദ്ധിമാന്മാര്‍ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ വധശിക്ഷ ലഭിച്ചവരെ ഷോയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴാവാക്കിയിരിക്കുന്നു.അല്ലെങ്കില്‍ തന്നെ വടി കൊടുത്ത് അടി മേടിക്കാന്‍ ആരെങ്കിലും മുതിരുമോ?


ഒരു സംഘം നിയമ വിദഗ്ധരടങ്ങുന്ന സ്‌ക്വാഡാണ് ഡിങ്ങിന് ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റിയ ആളുകളെ കണ്ടെത്തുന്നത്. ഇതുവരെ അഞ്ച് കുറ്റവാളികള്‍ മാത്രമേ ഇന്ററര്‍വ്യൂവിന് എത്താന്‍ തയാറല്ലെന്ന് പറഞ്ഞിട്ടുള്ളൂ. രാജ്യദ്രോഹം അടക്കം 55 കുറ്റങ്ങള്‍ക്കാണ് സാധാരണ ചൈനയില്‍ വധശിക്ഷ നല്‍കുന്നത്. എന്നാല്‍ ഷോയില്‍ എത്തുന്ന ഭൂരിഭാഗവും കൊലപാതകത്തിന് വധശിക്ഷ ലഭിച്ചവരാണ്.

ഇനി നമ്മള്‍ എന്നാണോ ഇതുപോലെ ഒരു ചാനല്‍ ഷോയില്‍ അഴിമതി നടത്തി വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഒരു രാക്ഷ്ട്രീയക്കാരന്റെ അവസാനത്തെ ഇന്റര്‍വ്യൂ ഒരു റിയാലിറ്റി ഷോ ആയി കാണാന്‍ പോവുന്നത് 

ചിത്രങ്ങള്‍ക്ക് കടപ്പാട് :dailymail
വീഡിയോ കടപ്പാട്      :uppercaise